ബൈബിൾ · Indian Revised Version (Malayalam)

സങ്കീർത്തനങ്ങൾ 130

1 യഹോവേ, ക്ലേശങ്ങളുടെ ആഴത്തിൽ നിന്ന് ഞാൻ അങ്ങയോടു നിലവിളിക്കുന്നു;

2 കർത്താവേ, എന്‍റെ ശബ്ദം കേൾക്കേണമേ; അങ്ങേയുടെ ചെവി എന്‍റെ യാചനകളെ ശ്രദ്ധിക്കേണമേ.

3 യഹോവേ, അങ്ങ് അകൃത്യങ്ങൾ ഓർമ്മവച്ചാൽ കർത്താവേ, ആര്‍ നിലനില്ക്കും?

4 എങ്കിലും അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം അങ്ങേയുടെ പക്കൽ പാപക്ഷമ ഉണ്ട്.

5 ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്‍റെ ഉള്ളം കാത്തിരിക്കുന്നു; ദൈവത്തിന്‍റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു.

6 ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ എന്‍റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.

7 യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക; യഹോവയുടെ പക്കൽ കൃപയും അവിടുത്തെ സന്നിധിയിൽ ധാരാളം വിടുതലും ഉണ്ട്.

8 ദൈവം യിസ്രായേലിനെ അവന്‍റെ സകല അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0