ബൈബിൾ · Indian Revised Version (Malayalam)

സങ്കീർത്തനങ്ങൾ 129

1 യിസ്രായേൽ പറയേണ്ടത്: “അവർ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;

2 അതെ, അവർ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവർ എന്നെ ജയിച്ചില്ല.

3 ഉഴവുകാർ എന്‍റെ മുതുകിന്മേൽ ഉഴുതു; ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി.”

4 യഹോവ നീതിമാനാകുന്നു; അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു.

5 സീയോനെ വെറുക്കുന്നവരെല്ലാം ലജ്ജിച്ച് പിന്തിരിഞ്ഞു പോകട്ടെ.

6 വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.

7 കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്‍റെ കൈയോ കറ്റ കെട്ടുന്നവൻ തന്‍റെ ഭുജങ്ങളോ നിറയ്ക്കുകയില്ല.

8 “യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ; യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു” എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതും ഇല്ല.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0