ബൈബിൾ · Indian Revised Version (Malayalam)

സങ്കീർത്തനങ്ങൾ 126

1 യഹോവ സീയോൻ്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.

2 അന്നു ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. “യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു” എന്നു ജനതകളുടെ ഇടയിൽ അന്നു പറയപ്പെട്ടു.

3 യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു; അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു.

4 യഹോവേ, തെക്കെനാട്ടിലെ അരുവികളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ വീണ്ടും മടക്കിവരുത്തേണമേ.

5 കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും.

6 കരഞ്ഞുകൊണ്ട് വിതക്കുവാനുള്ള വിലയേറിയ വിത്ത് ചുമന്ന് നടക്കുന്നവൻ വീണ്ടും ആർപ്പോടെ കറ്റ ചുമന്നുകൊണ്ട് വരും, സംശയമില്ല.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0