ബൈബിൾ · Indian Revised Version (Malayalam)

സങ്കീർത്തനങ്ങൾ 127

1 യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.

2 നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതും വളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രേ; തന്‍റെ പ്രിയനോ, അവൻ നല്ല ഉറക്കം കൊടുക്കുന്നു.

3 മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവിടുന്ന് തരുന്ന പ്രതിഫലവും തന്നെ.

4 വീരന്‍റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.

5 അവരെക്കൊണ്ട് തന്‍റെ ആവനാഴിക നിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; നഗരവാതില്ക്കൽവച്ച് ശത്രുക്കളോടു സംസാരിക്കുമ്പോൾ അങ്ങനെയുള്ളവർ ലജ്ജിച്ചു പോകുകയില്ല.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0