ബൈബിൾ · Indian Revised Version (Malayalam)

സങ്കീർത്തനങ്ങൾ 122

1 “യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം” എന്നു അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.

2 യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്‍റെ വാതിലുകളുടെ ഉള്ളിൽ നില്ക്കുന്നു.

3 തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!

4 അവിടേക്ക്, ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നെ, യിസ്രായേലിനു സാക്ഷ്യത്തിനായി യഹോവയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ കയറിച്ചെല്ലുന്നു.

5 അവിടെ ന്യായാസനങ്ങൾ, ദാവീദുഗൃഹത്തിന്‍റെ ന്യായാസനങ്ങൾ തന്നെ ഇരിക്കുന്നു.

6 യെരൂശലേമിന്‍റെ സമാധാനത്തിനായി പ്രാർത്ഥിക്കുവിൻ; “നിന്നെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ.

7 നിന്‍റെ കൊത്തളങ്ങളിൽ സമാധാനവും നിന്‍റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.

8 എന്‍റെ സഹോദരന്മാരും സ്നേഹിതരും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ” എന്നു ഞാൻ പറയും.

9 നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്‍റെ നന്മ അന്വേഷിക്കും.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0