ബൈബിൾ · Indian Revised Version (Malayalam)

സങ്കീർത്തനങ്ങൾ 121

1 ഞാൻ എന്‍റെ കണ്ണുകൾ പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു; എനിക്ക് സഹായം എവിടെനിന്ന് വരും?

2 എന്‍റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിൽനിന്നു വരുന്നു.

3 നിന്‍റെ കാൽ വഴുതിപ്പോകുവാൻ അവിടുന്ന് സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.

4 യിസ്രായേലിന്‍റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.

5 യഹോവ നിന്‍റെ പരിപാലകൻ; യഹോവ നിന്‍റെ വലത്തുഭാഗത്ത് നിനക്കു തണൽ.

6 പകൽ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ദോഷമായി ബാധിക്കുകയില്ല.

7 യഹോവ ഒരു ദോഷവും തട്ടാതെ നിന്നെ പരിപാലിക്കും. കർത്താവ് നിന്‍റെ പ്രാണനെ പരിപാലിക്കും.

8 യഹോവ നിന്‍റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0