ബൈബിൾ · Indian Revised Version (Malayalam)
സങ്കീർത്തനങ്ങൾ 120
1 എന്‍റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; കർത്താവ് എനിക്ക് ഉത്തരം അരുളുകയും ചെയ്തു.
2 യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും വഞ്ചനയുള്ള നാവിൽനിന്നും എന്‍റെ പ്രാണനെ രക്ഷിക്കേണമേ.
3 വഞ്ചനയുള്ള നാവേ, നിനക്കു എന്ത് ലഭിക്കും? നിന്നോട് ഇനി എന്ത് ചെയ്യും?
4 വീരന്‍റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നെ.
5 ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാർ കൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!
6 സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത് എനിക്ക് മതിയായി.
7 ഞാൻ സമാധാനപ്രിയനാകുന്നു; എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.
Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0