ബൈബിൾ · Indian Revised Version (Malayalam)
സങ്കീർത്തനങ്ങൾ 61
1 ദൈവമേ, എന്‍റെ നിലവിളി കേൾക്കേണമേ; എന്‍റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ.
2 എന്‍റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നടത്തേണമേ.
3 അവിടുന്ന് എനിക്കൊരു സങ്കേതവും ശത്രുവിന്‍റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
4 ഞാൻ അങ്ങേയുടെ കൂടാരത്തിൽ എന്നേക്കും വസിക്കും; അങ്ങേയുടെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. സേലാ.
5 ദൈവമേ, അവിടുന്ന് എന്‍റെ നേർച്ചകൾ കേട്ടു, തിരുനാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്ക് തന്നിരിക്കുന്നു.
6 അവിടുന്ന് രാജാവിന്‍റെ ആയുസ്സിനെ ദീർഘമാക്കും; അവന്‍റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.
7 അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; അവനെ പരിപാലിക്കേണ്ടതിന് ദയയും വിശ്വസ്തതയും കല്പിക്കേണമേ,
8 അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കുകയും എന്‍റെ നേർച്ചകളെ നാൾതോറും കഴിക്കുകയും ചെയ്യും.
Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0