ബൈബിൾ · Indian Revised Version (Malayalam)

ഉത്തമഗീതം 3

1 രാത്രിസമയത്ത് എന്‍റെ കിടക്കയിൽ ഞാൻ എന്‍റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.

2 ഞാൻ എഴുന്നേറ്റ് നഗരത്തിൽ സഞ്ചരിച്ചു; “വീഥികളിലും വിശാലസ്ഥലങ്ങളിലും എന്‍റെ പ്രാണപ്രിയനെ അന്വേഷിക്കും” എന്നു ഞാൻ പറഞ്ഞു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.

3 നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; “എന്‍റെ പ്രാണപ്രിയനെ കണ്ടുവോ” എന്നു ഞാൻ അവരോട് ചോദിച്ചു.

4 അവരെ വിട്ട് അല്പം മുന്നോട്ട് ചെന്നപ്പോൾ ഞാൻ എന്‍റെ പ്രാണപ്രിയനെ കണ്ടു. ഞാൻ അവനെ പിടിച്ച്, എന്‍റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.

5 യെരൂശലേം പുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണർത്തുകയുമരുത്.

6 മൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്‍റെ സകലവിധ സുഗന്ധചൂർണ്ണങ്ങൾകൊണ്ടും പരിമളമാക്കപ്പെട്ട പുകത്തൂൺപോലെ മരുഭൂമിയിൽനിന്ന് കയറിവരുന്നോരിവൻ ആര്‍?

7 ശലോമോന്‍റെ പല്ലക്ക് തന്നെ; യിസ്രായേൽ വീരന്മാരിൽ അറുപതു വീരന്മാർ അതിന്‍റെ ചുറ്റും ഉണ്ട്.

8 അവരെല്ലാവരും വാളെടുത്ത യുദ്ധസമർത്ഥന്മാർ; രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരയ്ക്ക് വാൾ കെട്ടിയിരിക്കുന്നു.

9 ശലോമോൻ രാജാവ് ലെബാനോനിലെ മരംകൊണ്ട് തനിക്കു ഒരു പല്ലക്ക് ഉണ്ടാക്കി.

10 അതിന്‍റെ തൂണുകൾ അവൻ വെള്ളികൊണ്ടും ചാര് പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; അതിന്‍റെ അന്തർഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ട് ചിത്രലിഖിതമായിരിക്കുന്നു.

11 സീയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്നു ശലോമോൻരാജാവിനെ അവന്‍റെ കല്യാണ ദിവസത്തിൽ, അവന്‍റെ ഹൃദയത്തിന്‍റെ ആനന്ദദിവസത്തിൽ തന്നെ, അവന്‍റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടി അവനെ കാണുവിൻ.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0