ബൈബിൾ · Indian Revised Version (Malayalam)
സങ്കീർത്തനങ്ങൾ 85
1 യഹോവേ, അങ്ങ് അങ്ങേയുടെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്‍റെ പ്രവാസികളെ മടക്കി വരുത്തിയിരിക്കുന്നു.
2 അങ്ങേയുടെ ജനത്തിന്‍റെ അകൃത്യം അവിടുന്ന് മോചിച്ചു; അവരുടെ പാപം സകലവും അവിടുന്ന് മൂടിക്കളഞ്ഞു. സേലാ.
3 അങ്ങേയുടെ ക്രോധം മുഴുവനും അവിടുന്ന് അടക്കിക്കളഞ്ഞു; അങ്ങേയുടെ ക്രോധത്തിന്‍റെ ഭയാനകതയിൽ നിന്ന് അവിടുന്ന് പിന്മാറിയിരിക്കുന്നു.
4 ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങളോടുള്ള അങ്ങേയുടെ നീരസം മതിയാക്കേണമേ.
5 അവിടുന്ന് സദാകാലവും ഞങ്ങളോട് കോപിക്കുമോ? തലമുറതലമുറയോളം അങ്ങേയുടെ കോപം നിലനില്‍ക്കുമോ?
6 അങ്ങേയുടെ ജനം അങ്ങയിൽ ആനന്ദിക്കേണ്ടതിന് അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കുകയില്ലയോ?
7 യഹോവേ, ഞങ്ങളോട് ദയ കാണിക്കേണമേ; അവിടുത്തെ രക്ഷ ഞങ്ങൾക്ക് നല്കേണമേ.
8 യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ കേൾക്കും; ദൈവം തന്‍റെ ജനത്തിനും തന്‍റെ ഭക്തന്മാർക്കും സമാധാനം അരുളും. അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കട്ടെ.
9 തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് ദൈവത്തിന്‍റെ രക്ഷ തന്‍റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം.
10 ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.
11 വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു; നീതി സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു.
12 യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിളവ് തരുകയും ചെയ്യും.
13 നീതി ദൈവത്തിന് മുമ്പായി നടക്കുകയും അവിടുത്തെ കാൽചുവടുകൾ നമുക്ക് പാതയാകുകയും ചെയ്യും.
Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0