ബൈബിൾ · Indian Revised Version (Malayalam)

സങ്കീർത്തനങ്ങൾ 72

1 ദൈവമേ, രാജാവിന് അവിടുത്തെ ന്യായവും രാജകുമാരന് അവിടുത്തെ നീതിയും നല്കേണമേ.

2 അവൻ അങ്ങേയുടെ ജനത്തെ നീതിയോടും അങ്ങേയുടെ എളിയജനത്തെ ന്യായത്തോടും കൂടി പരിപാലിക്കട്ടെ.

3 നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന് സമാധാനം വിളയട്ടെ.

4 ജനത്തിലെ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കുകയും പീഡിപ്പിക്കുന്നവനെ തകർത്തുകളയുകയും ചെയ്യട്ടെ;

5 സൂര്യചന്ദ്രന്മാരുള്ള കാലത്തോളം അവന്‍ തലമുറതലമുറയായി ജീവിക്കും.

6 അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ.

7 അവന്‍റെ കാലത്ത് നീതി തഴയ്ക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.

8 അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.

9 മരുഭൂമിയിൽ വസിക്കുന്നവർ അവന്‍റെ മുമ്പിൽ വണങ്ങട്ടെ; അവന്‍റെ ശത്രുക്കൾ നിലത്തെ പൊടിമണ്ണ് നക്കട്ടെ.

10 തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ.

11 സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജനതകളും അവനെ സേവിക്കട്ടെ.

12 അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും രക്ഷിക്കുമല്ലോ.

13 എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.

14 അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ പ്രാണന്‍ അവന് വിലയേറിയതായിരിക്കും.

15 അവൻ ജീവിച്ചിരിക്കും; ശെബയിൽ നിന്നുള്ള പൊന്ന് അവന് കാഴ്ചയായി കൊണ്ടു വരും; അവനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.

16 ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്‍റെ വിളവ് ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും.

17 അവന്‍റെ നാമം എന്നേക്കും നിലനില്ക്കും; അവന്‍റെ നാമം സൂര്യൻ ഉള്ളിടത്തോളം നിലനില്ക്കും; മനുഷ്യർ അവന്‍റെ പേര് ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ‘ഭാഗ്യവാൻ’ എന്നു പറയും.

18 താൻ മാത്രം അത്ഭുതങ്ങൾ ചെയ്യുന്നവനായി യിസ്രായേലിന്‍റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

19 അവിടുത്തെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ഭൂമി മുഴുവനും അവിടുത്തെ മഹത്വംകൊണ്ട് നിറയുമാറാകട്ടെ. ആമേൻ, ആമേൻ.

20 യിശ്ശായിയുടെ പുത്രനായ ദാവീദിന്‍റെ പ്രാർത്ഥനകൾ അവസാനിച്ചിരിക്കുന്നു.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0