ബൈബിൾ · Indian Revised Version (Malayalam)

സങ്കീർത്തനങ്ങൾ 4

1 എന്‍റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരം അരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ അവിടുന്ന് എനിക്ക് വിശാലത തന്നു; എന്നോട് കൃപ തോന്നി എന്‍റെ പ്രാർത്ഥന കേൾക്കേണമേ.

2 മനുഷ്യരേ, നിങ്ങൾ എത്രത്തോളം എന്‍റെ മാനത്തെ നിന്ദിച്ച്, മായയെ ഇച്ഛിച്ച് വ്യാജത്തെ അന്വേഷിക്കും? സേലാ.

3 യഹോവ തന്‍റെ ഭക്തനെ തനിക്കായി വേർതിരിച്ചിരിക്കുന്നു എന്നറിയുവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.

4 കോപിച്ചാൽ പാപം ചെയ്യാതിരിക്കുവിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ച് സ്വസ്ഥമായിരിക്കുവിൻ. സേലാ.

5 നീതിയാഗങ്ങൾ അർപ്പിക്കുവിൻ; യഹോവയിൽ ആശ്രയം വയ്ക്കുവിൻ.

6 “നമുക്ക് ആര്‍ നന്മയായത് കാണിച്ചുതരും?” എന്നു പലരും പറയുന്നു; യഹോവേ, അങ്ങേയുടെ മുഖപ്രകാശം ഞങ്ങളുടെമേൽ ഉദിപ്പിക്കേണമേ.

7 ധാന്യാ‍ഭിവൃദ്ധി ഉണ്ടായപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം അവിടുന്ന് എന്‍റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.

8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; അവിടുന്നല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0