ബൈബിൾ · Indian Revised Version (Malayalam)

സങ്കീർത്തനങ്ങൾ 29

1 സ്വര്‍ഗീയ ദൂതന്മാരെ, യഹോവയ്ക്ക് കൊടുക്കുവിൻ, യഹോവയ്ക്ക് മഹത്ത്വവും ശക്തിയും കൊടുക്കുവിൻ.

2 യഹോവയ്ക്ക് അവിടുത്തെ നാമത്തിന് യോഗ്യമായ മഹത്ത്വം കൊടുക്കുവിൻ; വിശുദ്ധിയുടെ സൗന്ദര്യത്തോടെ യഹോവയെ ആരാധിക്കുവിൻ.

3 യഹോവയുടെ ശബ്ദം സമുദ്രത്തിൻമീതെ മുഴങ്ങുന്നു; പെരുവെള്ളത്തിൻമീതെ യഹോവ, മഹത്ത്വത്തിന്‍റെ ദൈവം തന്നെ, ഇടിമുഴക്കുന്നു.

4 യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.

5 യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ പിളർക്കുന്നു.

6 അവൻ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.

7 യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.

8 യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു.

9 യഹോവയുടെ ശബ്ദം ഒക്ക് മരങ്ങളെ കുലുക്കുന്നു; അത് വനങ്ങളെ തോലുരിക്കുന്നു; കർത്താവിന്‍റെ മന്ദിരത്തിൽ സകലരും “മഹത്ത്വം” എന്നു ചൊല്ലുന്നു.

10 യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു.

11 യഹോവ തന്‍റെ ജനത്തിന് ശക്തി നല്കും; യഹോവ തന്‍റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0