ബൈബിൾ · Indian Revised Version (Malayalam)

സങ്കീർത്തനങ്ങൾ 140

1 യഹോവേ, ദുഷ്ടമനുഷ്യരുടെ കയ്യിൽനിന്ന് എന്നെ വിടുവിച്ച് സാഹസക്കാരുടെ പക്കൽനിന്ന് എന്നെ പരിപാലിക്കേണമേ.

2 അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു; അവർ ഇടവിടാതെ പോരാട്ടത്തിനായി കൂട്ടം കൂടുന്നു;

3 അവർ സർപ്പംപോലെ അവരുടെ നാവുകൾക്ക് മൂർച്ചകൂട്ടുന്നു; അവരുടെ അധരങ്ങൾക്ക് കീഴിൽ അണലിവിഷം ഉണ്ട്. സേലാ.

4 യഹോവേ, ദുഷ്ടന്‍റെ കൈയിൽനിന്ന് എന്നെ കാക്കേണമേ; സാഹസക്കാരനിൽനിന്ന് എന്നെ പരിപാലിക്കേണമേ; അവർ എന്‍റെ കാലടികൾ മറിച്ചുകളയുവാൻ ഭാവിക്കുന്നു.

5 ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. സേലാ.

6 “അവിടുന്ന് എന്‍റെ ദൈവം” എന്നു ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്‍റെ യാചനകൾ കേൾക്കേണമേ.

7 എന്‍റെ രക്ഷയുടെ ബലമായ കർത്താവായ യഹോവേ, അങ്ങ് യുദ്ധ ദിവസത്തില്‍ എന്നെ സംരക്ഷിക്കുന്നു.

8 യഹോവേ, ദുഷ്ടന്‍റെ ആഗ്രഹങ്ങൾ നടത്തരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന് അവന്‍റെ ദുരുപായം സാധിപ്പിക്കുകയും അരുതേ. സേലാ.

9 എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, അവരുടെ ഭീഷണി അവരുടെ മേല്‍ തിരികെ ചെല്ലട്ടെ.

10 തീക്കനൽ അവരുടെ മേൽ വീഴട്ടെ; ദൈവം അവരെ തീയിലും എഴുന്നേല്ക്കാത്തവിധം കുഴിയിലും ഇട്ടുകളയട്ടെ.

11 വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്‍ക്കുകയില്ല; സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും.

12 യഹോവ പീഡിതന്‍റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു.

13 അതേ, നീതിമാന്മാർ അങ്ങേയുടെ നാമത്തിന് സ്തോത്രം ചെയ്യും; നേരുള്ളവർ അങ്ങേയുടെ സന്നിധിയിൽ വസിക്കും.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0