ബൈബിൾ · Indian Revised Version (Malayalam)

സങ്കീർത്തനങ്ങൾ 108

1 ദൈവമേ, എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാൻ പാടും; എന്‍റെ ഉള്ളംകൊണ്ട് ഞാൻ കീർത്തനം പാടും.

2 വീണയും കിന്നരവുമേ, ഉണരുവിൻ; അതിരാവിലെ ഞാൻ തന്നെ ഉണരും.

3 യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും; ജനതകളുടെ മദ്ധ്യേ ഞാൻ അങ്ങേക്ക് കീർത്തനം പാടും.

4 അങ്ങേയുടെ ദയ ആകാശത്തിന് മീതെ വലുതാകുന്നു; അങ്ങേയുടെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.

5 ദൈവമേ, അങ്ങ് ആകാശത്തിനു മീതെ ഉയർന്നിരിക്കേണമേ; അങ്ങേയുടെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നെ.

6 അങ്ങേക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന് അങ്ങേയുടെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളേണമേ.

7 ദൈവം തന്‍റെ വിശുദ്ധിയിൽ അരുളിച്ചെയ്തത്: “ഞാൻ ആനന്ദത്തോടെ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വരയെ അളക്കും.

8 ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; എഫ്രയീം എന്‍റെ ശിരോകവചവും യെഹൂദാ എന്‍റെ ചെങ്കോലും ആകുന്നു.

9 മോവാബ് എനിക്ക് കഴുകുവാനുള്ള പാത്രം; ഏദോമിന്മേൽ ഞാൻ എന്‍റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും.”

10 ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര്‍ കൊണ്ടുപോകും? ഏദോമിലേക്ക് എന്നെ ആര്‍ വഴിനടത്തും?

11 ദൈവമേ, അങ്ങ് ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, അങ്ങ് ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല.

12 വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യേണമേ; മനുഷ്യന്‍റെ സഹായം വ്യർത്ഥമല്ലയോ?.

13 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; ദൈവം തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0