ബൈബിൾ · Indian Revised Version (Malayalam)

സദൃശവാക്യങ്ങൾ 9

1 ജ്ഞാനമായവൾ തനിക്കു ഒരു വീട് പണിതു; അതിന് ഏഴു തൂണുകൾ തീർത്തു.

2 അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി, തന്‍റെ മേശ ഒരുക്കിയിരിക്കുന്നു.

3 അവൾ തന്‍റെ ദാസികളെ അയച്ച് പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്:

4 “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ.” ബുദ്ധിഹീനനോട് അവൾ പറയുന്നത്;

5 “വരുവിൻ, എന്‍റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞ് കുടിക്കുകയും ചെയ്യുവിൻ!

6 ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ! വിവേകത്തിന്‍റെ മാർഗ്ഗത്തിൽ നടന്നുകൊള്ളുവിൻ.”

7 പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭർത്സിക്കുന്നവന് ഉപദ്രവം ഉണ്ടാകുന്നു.

8 പരിഹാസി നിന്നെ പകക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്; ജ്ഞാനിയെ ശാസിക്കുക; അവൻ നിന്നെ സ്നേഹിക്കും.

9 ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്‍റെ ജ്ഞാനം വർദ്ധിക്കും; നീതിമാനെ ഉപദേശിക്കുക, അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.

10 യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭവും പരിശുദ്ധ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.

11 ഞാൻ മുഖാന്തരം നിന്‍റെ ആയുസിന്‍റെ നാളുകൾ പെരുകും; നിനക്കു ദീർഘായുസ്സ് ഉണ്ടാകും.

12 നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും.”

13 ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല.

14 തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി, കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്

15 അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ തന്‍റെ വീട്ടുവാതില്‍ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.

16 “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ.” ബുദ്ധിഹീനനോട് അവൾ പറയുന്നത്;

17 “മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.”

18 എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്‍റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0