ബൈബിൾ · Indian Revised Version (Malayalam)

ഇയ്യോബ് 8

1 അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:

2 “എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്‍റെ വായിലെ വാക്കുകൾ കൊടുങ്കാറ്റുപോലെ ഇരിക്കും?

3 ദൈവം ന്യായം മറിച്ചുകളയുമോ? സർവ്വശക്തനായ ദൈവം നീതിയെ മറിച്ചുകളയുമോ?

4 നിന്‍റെ മക്കൾ ദൈവത്തോട് പാപം ചെയ്തെങ്കിൽ ദൈവം അവരെ അവരുടെ അതിക്രമങ്ങൾക്ക് ഏല്പിച്ചുകളഞ്ഞു.

5 നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കുകയും സർവ്വശക്തനായ ദൈവത്തോടപേക്ഷിക്കുകയും ചെയ്താൽ,

6 നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവിടുന്ന് ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; നിന്‍റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.

7 നിന്‍റെ പൂർവ്വസ്ഥിതി അല്പമായിത്തോന്നും; നിന്‍റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.

8 “നീ പണ്ടത്തെ തലമുറയോട് ചോദിക്കുക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്ളുക.

9 നാം ഇന്നലെ ഉണ്ടായവരും ഒന്നും അറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ.

10 അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തിൽനിന്ന് വാക്കുകൾ പുറപ്പെടുവിക്കും.

11 “ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ല് വളരുമോ?

12 അത് അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നെ മറ്റ് എല്ലാ പുല്ലിനും മുമ്പ് വാടിപ്പോകുന്നു.

13 ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നെ; വഷളന്‍റെ ആശ നശിച്ചുപോകും;

14 അവന്‍റെ ആശ്രയം അറ്റുപോകും; അവന്‍റെ ശരണം ചിലന്തിവലയത്രെ.

15 അവൻ തന്‍റെ വീടിനെ ആശ്രയിക്കും; എന്നാൽ അത് നില്‍ക്കുകയില്ല; അവൻ അതിനെ മുറുകെ പിടിക്കും; എന്നാൽ അത് നിലനില്‍ക്കുകയില്ല.

16 വെയിലത്ത് അവൻ പച്ചയായിരിക്കുന്നു; അവന്‍റെ ചില്ലികൾ അവന്‍റെ തോട്ടത്തിൽ പടരുന്നു.

17 അവന്‍റെ വേര് കല്ക്കുന്നിൽ പടരുന്നു; അത് കല്ലുകളുടെയിടയിൽ ചെന്നു തിരയുന്നു.

18 അവന്‍റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽ ഞാൻ നിന്നെ കണ്ടിട്ടില്ല എന്നു അത് അവനെ നിഷേധിക്കും.

19 ഇതാ, ഇത് അവന്‍റെ വഴിയുടെ സന്തോഷം; പൊടിയിൽനിന്ന് മറ്റൊന്ന് മുളച്ചുവരും.

20 “ദൈവം നിഷ്കളങ്കനെ നിരസിക്കുകയില്ല; ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല.

21 ദൈവം ഇനിയും നിന്‍റെ വായിൽ ചിരിയും നിന്‍റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറയ്ക്കും.

22 നിന്നെ പകക്കുന്നവർ ലജ്ജ ധരിക്കും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.“

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0