ബൈബിൾ · Indian Revised Version (Malayalam)

സങ്കീർത്തനങ്ങൾ 58

1 അധികാരികളേ, നിങ്ങൾ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ? മനുഷ്യപുത്രന്മാരേ, നിങ്ങൾ പരമാർത്ഥമായി വിധിക്കുന്നുവോ?

2 നിങ്ങൾ ഹൃദയത്തിൽ ദുഷ്ടത പ്രവർത്തിക്കുന്നു; ഭൂമിയിൽ നിങ്ങളുടെ കൈകളുടെ നിഷ്ഠൂരത തൂക്കിക്കൊടുക്കുന്നു.

3 ദുഷ്ടന്മാർ ഗർഭംമുതൽ ഭ്രഷ്ടന്മാരായിരിക്കുന്നു; അവർ ജനനംമുതൽ ഭോഷ്ക് പറഞ്ഞ് തെറ്റിനടക്കുന്നു.

4 അവരുടെ വിഷം സർപ്പവിഷംപോലെ; അവർ ചെവിയടഞ്ഞ പൊട്ടയണലിപോലെയാകുന്നു.

5 എത്ര സാമർത്ഥ്യത്തോടെ മകുടി ഊതിയാലും പാമ്പാട്ടിയുടെ ശബ്ദം അത് കേൾക്കുകയില്ല.

6 ദൈവമേ, അവരുടെ വായിലെ പല്ലുകൾ തകർക്കേണമേ; യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകൾ തകർത്തുകളയേണമേ.

7 ഒഴുകിപ്പോകുന്ന വെള്ളംപോലെ അവർ ഉരുകിപ്പോകട്ടെ; കർത്താവ് തന്‍റെ അമ്പുകൾ തൊടുക്കുമ്പോൾ അവ ഒടിഞ്ഞുപോയതുപോലെ ആകട്ടെ.

8 അലിഞ്ഞു പോകുന്ന ഒച്ചു പോലെ അവർ ആകട്ടെ; ഗർഭം അലസിപ്പോയ സ്ത്രീയുടെ ചാപിള്ളപോലെ അവർ സൂര്യനെ കാണാതിരിക്കട്ടെ.

9 നിങ്ങളുടെ കലങ്ങൾക്ക് മുൾതീയുടെ ചൂട് തട്ടുന്നതിനു മുമ്പ് പച്ചയും വെന്തതുമായതെല്ലാം ഒരുപോലെ അവിടുന്ന് ചുഴലിക്കാറ്റിനാൽ പാറ്റിക്കളയും.

10 നീതിമാൻ പ്രതിക്രിയ കണ്ടു ആനന്ദിക്കും; അവൻ തന്‍റെ കാലുകൾ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകും.

11 ആകയാൽ, “നീതിമാന് പ്രതിഫലം ഉണ്ട് നിശ്ചയം; ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ട് നിശ്ചയം” എന്നു മനുഷ്യർ പറയും.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0