ബൈബിൾ · Indian Revised Version (Malayalam)
സങ്കീർത്തനങ്ങൾ 48
1 നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ, കർത്താവിന്‍റെ വിശുദ്ധപർവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.
2 മഹാരാജാവിന്‍റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.
3 അതിന്‍റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു.
4 ഇതാ, രാജാക്കന്മാർ കൂട്ടംകൂടി; അവർ ഒന്നിച്ച് കടന്നുപോയി.
5 അവർ അത് കണ്ടു അമ്പരന്നു, അവർ പരിഭ്രമിച്ച് ഓടിപ്പോയി.
6 അവർക്ക് അവിടെ വിറയൽ പിടിച്ചു; നോവു കിട്ടിയവളെപ്പോലെ വേദന പിടിച്ചു.
7 അവിടുന്ന് കിഴക്കൻ കാറ്റുകൊണ്ട് തർശ്ശീശ് കപ്പലുകൾ തകർത്ത് കളയുന്നു.
8 നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും ഉറപ്പിക്കുന്നു. സേലാ.
9 ദൈവമേ, അങ്ങേയുടെ മന്ദിരത്തിൽ വച്ചു ഞങ്ങൾ അവിടുത്തെ ദയയെക്കുറിച്ച് ചിന്തിക്കുന്നു.
10 ദൈവമേ, തിരുനാമംപോലെ തന്നെ അങ്ങേയുടെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; അങ്ങേയുടെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.
11 അവിടുത്തെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കുകയും യെഹൂദാജനം ആനന്ദിക്കുകയും ചെയ്യുന്നു.
12 സീയോനെ ചുറ്റിനടക്കുവിൻ; അതിനെ പ്രദക്ഷിണം ചെയ്യുവിൻ; അതിന്‍റെ ഗോപുരങ്ങൾ എണ്ണുവിൻ.
13 വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന് അതിന്‍റെ കൊത്തളങ്ങൾ ശ്രദ്ധിച്ച് അരമനകൾ നടന്ന് നോക്കുവിൻ.
14 ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം ആകുന്നു; അവിടുന്ന് നമ്മെ ജീവപര്യന്തം വഴിനടത്തും.
Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0