ബൈബിൾ · Indian Revised Version (Malayalam)

സങ്കീർത്തനങ്ങൾ 26

1 യഹോവേ, എനിക്ക് ന്യായം പാലിച്ചുതരേണമേ; ഞാൻ എന്‍റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.

2 യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യേണമേ; എന്‍റെ മനസ്സും എന്‍റെ ഹൃദയവും പരിശോധിക്കേണമേ.

3 അങ്ങേയുടെ ദയ എന്‍റെ കണ്മുമ്പിൽ ഇരിക്കുന്നു; അങ്ങേയുടെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു.

4 വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല; കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.

5 ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു; ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല.

6 സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും നിന്‍റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും

7 ഞാൻ നിഷ്ക്കളങ്കതയിൽ എന്‍റെ കൈകൾ കഴുകുന്നു; യഹോവേ, ഞാൻ അങ്ങേയുടെ യാഗപീഠം വലംവയ്ക്കുന്നു.

8 യഹോവേ, അങ്ങേയുടെ ആലയമായ വാസസ്ഥലവും അങ്ങേയുടെ മഹത്വത്തിന്‍റെ നിവാസവും എനിക്ക് പ്രിയമാകുന്നു.

9 പാപികളോടുകൂടി എന്‍റെ പ്രാണനെയും രക്തദാഹികളോടുകൂടി എന്‍റെ ജീവനെയും സംഹരിച്ചുകളയരുതേ.

10 അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്; അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു.

11 ഞാനോ, എന്‍റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്ത് എന്നോട് കൃപ ചെയ്യേണമേ.

12 എന്‍റെ കാലടി സമഭൂമിയിൽ നില്ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0