ബൈബിൾ · Indian Revised Version (Malayalam)
സങ്കീർത്തനങ്ങൾ 115
1 ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, അങ്ങേയുടെ ദയയും വിശ്വസ്തതയും നിമിത്തം അങ്ങേയുടെ നാമത്തിന് തന്നെ മഹത്വം വരുത്തേണമേ.
2 “അവരുടെ ദൈവം എവിടെ?” എന്നു ജനതകൾ പറയുന്നതെന്തിന്?
3 നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; തനിക്കു ഇഷ്ടമുള്ളതെല്ലാം അവിടുന്ന് ചെയ്യുന്നു.
4 അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നെ.
5 അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.
6 അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.
7 അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ട കൊണ്ടു സംസാരിക്കുന്നതുമില്ല.
8 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.
9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക; കർത്താവ് അവരുടെ സഹായവും പരിചയും ആകുന്നു;
10 അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക; ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.
11 യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക; ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.
12 യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവിടുന്ന് അനുഗ്രഹിക്കും; ദൈവം യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; ദൈവം അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.
13 ദൈവം യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
14 യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.
15 ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.
16 സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവിടുന്ന് മനുഷ്യർക്ക് കൊടുത്തിരിക്കുന്നു.
17 മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും യഹോവയെ സ്തുതിക്കുന്നില്ല.
18 നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിക്കുവിൻ.
Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0