ബൈബിൾ · Indian Revised Version (Malayalam)

സദൃശവാക്യങ്ങൾ 27

1 നാളെയെച്ചൊല്ലി പ്രശംസിക്കരുത്; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ.

2 നിന്‍റെ വായല്ല മറ്റൊരുത്തൻ, നിന്‍റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ.

3 കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്‍റെ നീരസം ഇവ രണ്ടിലും ഘനമേറിയത്.

4 ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിൽ ആർക്ക് നില്ക്കാം?

5 മറഞ്ഞിരിക്കുന്ന സ്നേഹത്തിലും തുറന്ന ശാസനയാണ് നല്ലത്.

6 സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്‍റെ ചുംബനങ്ങൾ കണക്കിലധികം.

7 തിന്ന് തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവന് കൈപ്പുള്ളതൊക്കെയും മധുരം.

8 കൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.

9 തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; സ്നേഹിതന്‍റെ ഹൃദയപൂർവ്വമായ ഉപദേശവും അങ്ങനെ തന്നെ.

10 നിന്‍റെ സ്നേഹിതനെയും അപ്പന്‍റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്; നിന്‍റെ കഷ്ടകാലത്ത് സഹോദരന്‍റെ വീട്ടിൽ പോകുകയും അരുത്; ദൂരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലത്.

11 മകനേ, എന്നെ നിന്ദിക്കുന്നവനോട് ഞാൻ ഉത്തരം പറയേണ്ടതിന് നീ ജ്ഞാനിയായി എന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.

12 വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു അനർത്ഥത്തിൽ അകപ്പെടുന്നു.

13 അന്യനുവേണ്ടി ജാമ്യം നില്‍ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊള്ളുക; പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോട് പണയം വാങ്ങുക.

14 അതികാലത്ത് എഴുന്നേറ്റ് സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന് അത് ശാപമായി എണ്ണപ്പെടും.

15 പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.

16 അവളെ നിയന്ത്രിക്കുവാൻ നോക്കുന്നവൻ കാറ്റിനെ നിയന്ത്രിക്കുവാൻ നോക്കുന്നു; തന്‍റെ വലങ്കൈകൊണ്ട് എണ്ണ പിടിക്കുവാൻ പോകുന്നതുപോലെ.

17 ഇരിമ്പ് ഇരിമ്പിന് മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന് മൂർച്ചകൂട്ടുന്നു.

18 അത്തികാക്കുന്നവൻ അതിന്‍റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.

19 വെള്ളത്തിൽ മുഖത്തിന്‍റെ രൂപം പ്രതിഫലിച്ചുകാണുന്നതുപോലെ; മനുഷ്യൻ തന്‍റെ ഹൃദയത്തിനൊത്തവണ്ണം മറ്റൊരുവനെ കാണുന്നു.

20 പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തി വരുന്നില്ല; മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും തൃപ്തി വരുന്നില്ല.

21 വെള്ളിക്ക് പുടവും പൊന്നിന് മൂശയും ശോധന; മനുഷ്യനോ അവന്‍റെ പ്രശംസ.

22 ഭോഷനെ ഉരലിൽ ഇട്ടു ഉലക്കകൊണ്ട് അവൽപോലെ ഇടിച്ചാലും അവന്‍റെ ഭോഷത്തം വിട്ടുമാറുകയില്ല.

23 നിന്‍റെ ആടുകളുടെ അവസ്ഥ അറിയുവാൻ ജാഗ്രതയായിരിക്കുക; നിന്‍റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവക്കുക.

24 സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ?

25 പുല്ല് ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ല് മുളച്ചുവരുന്നു; പർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.

26 കുഞ്ഞാടുകൾ നിനക്കു ഉടുപ്പിനും കോലാടുകൾ നിലത്തിന്‍റെ വിലയ്ക്കും പ്രയോജനപ്പെടും.

27 കോലാടുകളുടെ പാല് നിന്‍റെ ആഹാരത്തിനും നിന്‍റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്‍റെ ദാസിമാരുടെ ഉപജീവനത്തിനും മതിയാകും.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0