ബൈബിൾ · Indian Revised Version (Malayalam)

ഇയ്യോബ് 17

1 “എന്‍റെ ശ്വാസം ക്ഷയിച്ചു, എന്‍റെ ആയുസ്സ് തീർന്നുപോകുന്നു; ശവക്കുഴി എനിക്കായി ഒരുങ്ങിയിരിക്കുന്നു.

2 എന്‍റെ അരികിൽ പരിഹാസമേയുള്ളു; എന്‍റെ കണ്ണ് അവരുടെ പ്രകോപനം കണ്ടു കൊണ്ടിരിക്കുന്നു.

3 “ദൈവമേ, അവിടുന്ന് തന്നെ പണയംകൊടുത്ത് എനിക്കുവേണ്ടി ജാമ്യം നില്ക്കേണമേ. എന്നെ സഹായിക്കുവാൻ മറ്റാരുള്ളൂ?

4 ബുദ്ധി തോന്നാത്തവണ്ണം അവിടുന്ന് അവരുടെ ഹൃദയം അടച്ചുകളഞ്ഞു; അതുനിമിത്തം അവിടുന്ന് അവരെ ഉയർത്തുകയില്ല.

5 ഒരാൾ സ്നേഹിതന്മാരെ കവർച്ചയ്ക്കു വേണ്ടി കാണിച്ചുകൊടുത്താൽ അവന്‍റെ മക്കളുടെ കണ്ണ് മങ്ങിപ്പോകും.

6 “അവിടുന്ന് എന്നെ ജനങ്ങൾക്ക് പഴഞ്ചൊല്ലാക്കിത്തീർത്തു; ഞാൻ മുഖത്തു തുപ്പേല്‍ക്കുന്നവനായിത്തീർന്നു.

7 ദുഃഖം കാരണം എന്‍റെ കണ്ണ് മങ്ങിയിരിക്കുന്നു; എന്‍റെ അവയവങ്ങൾ എല്ലാം നിഴൽപോലെ തന്നെ.

8 നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും; നിഷ്കളങ്കൻ അഭക്തന്‍റെ നേരെ ക്ഷോഭിക്കും.

9 നീതിമാനോ തന്‍റെ വഴി തന്നെ പിന്തുടരും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.

10 എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ; ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.

11 എന്‍റെ നാളുകൾ കഴിഞ്ഞുപോയി; എന്‍റെ ഉദ്ദേശ്യങ്ങൾക്ക്, എന്‍റെ ഹൃദയത്തിലെ നിരൂപണങ്ങൾക്ക് തകർച്ച സംഭവിച്ചു.

12 അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനോട് അടുത്തിരിക്കുന്നു.

13 ഞാനോ പാതാളത്തെ എന്‍റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്‍റെ കിടക്ക വിരിച്ചിരിക്കുന്നു.

14 ഞാൻ ദ്രവത്വത്തോട്: 'നീ എന്‍റെ അപ്പൻ' എന്നും പുഴുവിനോട്: 'നീ എന്‍റെ അമ്മയും സഹോദരിയും' എന്നും പറഞ്ഞിരിക്കുന്നു.

15 അങ്ങനെയിരിക്കെ എന്‍റെ പ്രത്യാശ എവിടെ? ആര്‍ എന്‍റെ പ്രത്യാശയെ കാണും?

16 അത് പാതാളത്തിന്‍റെ വാതിലുകൾ വരെ ഇറങ്ങിപ്പോകുമോ? പൊടിയിലേക്ക് അത് ഇറങ്ങിവരുമോ?”

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0