ബൈബിൾ · Indian Revised Version (Malayalam)

ഹബക്കൂക്ക് 3

1 വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്‍റെ ഒരു പ്രാർത്ഥനാഗീതം.

2 യഹോവേ, ഞാൻ അങ്ങയെക്കുറിച്ച് കേട്ട് ഭയപ്പെട്ടുപോയി; യഹോവേ, വർഷങ്ങൾ കഴിയുംമുമ്പ് അങ്ങേയുടെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ഈ നാളുകളിൽ അതിനെ വെളിപ്പെടുത്തണമേ; ക്രോധത്തിൽ കരുണ ഓർക്കേണമേ.

3 ദൈവം തേമാനിൽനിന്നും പരിശുദ്ധൻ പാരൻ പർവ്വതത്തിൽനിന്നും വരുന്നു. സേലാ. ദൈവത്തിന്‍റെ പ്രഭ ആകാശത്തെ മൂടുന്നു; ദൈവത്തിന്‍റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.

4 സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായിവരുന്നു; കിരണങ്ങൾ ദൈവത്തിന്‍റെ അടുത്തുനിന്ന് പുറപ്പെടുന്നു; അവിടെ ദൈവത്തിന്‍റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.

5 മഹാവ്യാധി ദൈവത്തിന്‍റെ മുമ്പിൽ നടക്കുന്നു; പകർച്ചവ്യാധി ദൈവത്തിന്‍റെ പിന്നാലെ ചെല്ലുന്നു.

6 ദൈവം ഭൂമിയെ കുലുക്കുന്നു; ദൈവം നോക്കി ജനതകളെ ചിതറിക്കുന്നു; ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു; പുരാതനഗിരികൾ വണങ്ങി വീഴുന്നു; ദൈവം പുരാതന പാതകളിൽ നടക്കുന്നു.

7 ഞാൻ കൂശാന്‍റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു; മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറയ്ക്കുന്നു.

8 യഹോവ നദികളോട് നീരസപ്പെട്ടിരിക്കുന്നുവോ? അങ്ങേയുടെ കോപം നദികളുടെ നേരെ വരുന്നുവോ? അങ്ങ് കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കുകയാൽ അങ്ങേയുടെ ക്രോധം സമുദ്രത്തിന്‍റെ നേരെ ഉള്ളതോ?

9 അവിടുന്ന് വില്ല് പുറത്തെടുത്ത് ഞാണിൽ അമ്പ് തൊടുത്തിരിക്കുന്നു. വചനത്തിന്‍റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. സേലാ. അങ്ങ് ഭൂമിയെ നദികളാൽ പിളർക്കുന്നു.

10 പർവ്വതങ്ങൾ അങ്ങയെ കണ്ടു വിറയ്ക്കുന്നു; വെള്ളത്തിന്‍റെ പ്രവാഹം കടന്നുപോകുന്നു; ആഴി ശബ്ദം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്ക് തിര ഉയർത്തുന്നു.

11 അങ്ങേയുടെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിലും മിന്നിപ്രകാശിക്കുന്ന കുന്തത്തിന്‍റെ ശോഭയിലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.

12 ക്രോധത്തോടെ അങ്ങ് ഭൂമിയിൽ ചവിട്ടുന്നു; കോപത്തോടെ ജനതകളെ മെതിക്കുന്നു.

13 അങ്ങേയുടെ ജനത്തിന്‍റെയും അങ്ങേയുടെ അഭിഷിക്തന്‍റെയും രക്ഷക്കായിട്ട് അങ്ങ് പുറപ്പെടുന്നു; അങ്ങ് ദുഷ്ടന്‍റെ വീടിന്‍റെ മുകൾഭാഗം തകർത്ത്, അടിസ്ഥാനം മുഴുവനും അനാവൃതമാക്കി. സേലാ.

14 അങ്ങ് അവന്‍റെ കുന്തങ്ങൾകൊണ്ട് അവന്‍റെ യോദ്ധാക്കളുടെ നായകന്മാരുടെ തല കുത്തിത്തുളക്കുന്നു; എന്നെ ചിതറിക്കേണ്ടതിന് അവർ ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവിൽവച്ച് വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു.

15 അങ്ങേയുടെ കുതിരകളോടുകൂടി അങ്ങ് സമുദ്രത്തിൽ, പെരുവെള്ളക്കൂട്ടത്തിൽ തന്നെ, നടകൊള്ളുന്നു.

16 ഞാൻ കേട്ടു എന്‍റെ ഉദരം കുലുങ്ങിപ്പോയി, ആ ശബ്ദം കാരണം എന്‍റെ അധരം വിറച്ചു; അവൻ ജനത്തെ ആക്രമിക്കുവാൻ പുറപ്പെടുമ്പോൾ കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ട് എന്‍റെ അസ്ഥികൾ ഉരുകി, ഞാൻ നിന്ന നിലയിൽ വിറച്ചുപോയി.

17 അത്തിവൃക്ഷം തളിർക്കുകയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകുകയില്ല; ഒലിവുമരത്തിന്‍റെ പ്രയത്നം നിഷ്ഫലമായിപ്പോകും; നിലങ്ങൾ ആഹാരം വിളയിക്കുകയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കുകയില്ല.

18 എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്‍റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.

19 യഹോവയായ കർത്താവ് എന്‍റെ ബലം ആകുന്നു; കർത്താവ് എന്‍റെ കാൽ പേടമാൻ കാലുപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0