ബൈബിൾ · Indian Revised Version (Malayalam)
പുറപ്പാട് 17
1 അതിനുശേഷം യിസ്രായേൽ മക്കളുടെ സംഘം എല്ലാം യഹോവയുടെ കല്പനപ്രകാരം സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ടു. അവർ രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന് കുടിക്കുവാൻ വെള്ളമില്ലായിരുന്നു.
2 അതുകൊണ്ട് ജനം മോശെയോട്: “ഞങ്ങൾക്ക് കുടിക്കുവാൻ വെള്ളം തരിക” എന്നു കലഹിച്ചു പറഞ്ഞതിന് മോശെ അവരോട്: “നിങ്ങൾ എന്നോട് എന്തിന് കലഹിക്കുന്നു? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നത് എന്ത്?” എന്നു പറഞ്ഞു.
3 ജനത്തിന് അവിടെവച്ച് വളരെ ദാഹിച്ചതുകൊണ്ട് ജനം മോശെയുടെ നേരെ പിറുപിറുത്തു: “ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹംകൊണ്ട് ചാകേണ്ടതിന് നീ ഞങ്ങളെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്നത് എന്തിന്?” എന്നു പറഞ്ഞു.
4 മോശെ യഹോവയോട് നിലവിളിച്ചു: “ഈ ജനത്തോട് ഞാൻ എന്താണ് ചെയ്യേണ്ടത്? അവർ എന്നെ കല്ലെറിയുവാൻ പോകുന്നുവല്ലോ” എന്നു പറഞ്ഞു.
5 യഹോവ മോശെയോട്: “യിസ്രായേൽമൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ട് നീ നദിയെ അടിച്ച വടിയും കയ്യിൽ എടുത്ത് ജനത്തിന്‍റെ മുമ്പാകെ കടന്നുപോകുക.
6 ഞാൻ ഹോരേബിൽ നിന്‍റെ മുമ്പിൽ പാറയുടെ മേൽ നില്ക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിന് കുടിക്കുവാൻ വെള്ളം അതിൽനിന്ന് പുറപ്പെടും” എന്നു കല്പിച്ചു. യിസ്രായേൽമൂപ്പന്മാർ കാൺകെ മോശെ അങ്ങനെ ചെയ്തു.
7 യിസ്രായേൽ മക്കൾ കലഹിച്ചതിനാലും “യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ” എന്നു അവർ യഹോവയെ പരീക്ഷിച്ചതിനാലും അവൻ ആ സ്ഥലത്തിന് മസ്സാ എന്നും മെരീബാ എന്നും പേരിട്ടു.
8 രെഫീദീമിൽവെച്ച് അമാലേക്ക് വന്ന് യിസ്രായേലിനോട് യുദ്ധംചെയ്തു.
9 അപ്പോൾ മോശെ യോശുവയോട്: “നീ ആളുകളെ തിരഞ്ഞെടുത്ത് നാളെ ചെന്നു അമാലേക്കിനോടു യുദ്ധം ചെയ്യുക; ഞാൻ നാളെ കുന്നിൻമുകളിൽ ദൈവത്തിന്‍റെ വടി കയ്യിൽ പിടിച്ചുംകൊണ്ട് നില്ക്കും” എന്നു പറഞ്ഞു.
10 മോശെ തന്നോട് പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോട് പൊരുതി; എന്നാൽ മോശെയും അഹരോനും ഹൂരും കുന്നിൻമുകളിൽ കയറി.
11 മോശെ കൈ ഉയർത്തിയിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേക്ക് ജയിക്കും.
12 എന്നാൽ മോശെയുടെ കൈയ്ക്ക് ഭാരം തോന്നിയപ്പോൾ അവർ ഒരു കല്ല് എടുത്തുവച്ചു, അവൻ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുവൻ ഇപ്പുറത്തും ഒരുവൻ അപ്പുറത്തും നിന്ന് അവന്‍റെ കൈ താങ്ങി; അങ്ങനെ അവന്‍റെ കൈ സൂര്യൻ അസ്തമിക്കുംവരെ ഉയർന്നുനിന്നു.
13 യോശുവ അമാലേക്കിനെയും അവന്‍റെ ജനത്തെയും വാൾകൊണ്ട് തോല്പിച്ചു.
14 യഹോവ മോശെയോട്: “നീ ഇത് ഓർമ്മയ്ക്കായിട്ട് ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്കുക; ഞാൻ അമാലേക്കിൻ്റെ ഓർമ്മ ആകാശത്തിന്‍റെ കീഴിൽനിന്ന് അശേഷം മായിച്ചുകളയും” എന്നു കല്പിച്ചു.
15 പിന്നെ മോശെ ഒരു യാഗപീഠം പണിതു. അതിന് യഹോവ നിസ്സി എന്നു പേരിട്ടു.
16 അമാലേക്കിൻ്റെ കൈ യഹോവയുടെ സിംഹസനത്തിനെതിരായി ഉയര്‍ന്നിട്ടുണ്ട് എന്നു യഹോവ ആണയിട്ടിട്ടുണ്ട്” എന്നു മോശെ പറഞ്ഞു.
Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0